ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട പേമാരിയെത്തുടര്‍ന്ന് ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി. ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. സഹായം തേടി ആയിരക്കണക്കിന് വിളികള്‍ പ്രവഹിക്കുന്നതിനാല്‍ ഹെല്‍പ്പ് ലൈനുകളില്‍ പലതും പ്രതിസന്ധിയിലാണ്. രണ്ടാഴ്ചയായി തുടരുന്ന മഴയില്‍ മരണം 262 ആയി.
ബുധനാഴ്ചയും മഴയ്ക്ക് ശമനമുണ്ടായില്ല. ഒരാഴ്ചകൂടി ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മാറ്റമില്ലാതെ തുടരുന്നതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അവര്‍ വ്യക്തമാക്കി. വ്യാഴാഴ്ചയുടെ ചെറിയ രീതിയില്‍ മഴ പെയ്തു. പലയിടത്തും കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഹോസ്റ്റലുകളിലും മറ്റും കുട്ടികള്‍ ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണുകള്‍ നിശ്ചലമായതോടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ വിവരങ്ങള്‍ അറിയാനാകാതെ കേരളത്തിലുള്ളവരും ആശങ്കയിലാണ്.
* ചെന്നൈ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളംകയറി. വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു
* വിമാനത്താവളത്തിലേക്കുള്ള സെയ്ദാപേട്ട് പാലവും അടച്ചു
* മിക്കവാറും ഭാഗങ്ങളില്‍ കെട്ടിടങ്ങളുടെ താഴത്തെ നിലകള്‍ വെള്ളത്തില്‍
* അഡയാര്‍, കൂവം നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ചെന്നൈയുടെ സിരാകേന്ദ്രമായ മൗണ്ട് റോഡില്‍ ഗതാഗതതടസ്സം
* രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ രണ്ടും ദേശീയ ദുരന്തനിവാരണസേനയുടെ എട്ടും ബറ്റാലിയനുകളിറങ്ങി
* വൈദ്യുതിയുടെ അഭാവം ആസ്​പത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.
* നാവികസേനയുടെ യുദ്ധക്കപ്പല്‍ 'ഐ.എന്‍.എസ്. ഐരാവത്' വിശാഖപട്ടണത്തുനിന്ന് വ്യാഴാഴ്ച രാവിലെയെത്തും
* രക്ഷാബോട്ടുകളും മരുന്നുകളും ഡോക്ടര്‍മാരുടെ സംഘവും ഇതിലുണ്ടാകും
* തീരസേനയുടെ 'സാരംഗ്' എന്ന കപ്പലും നാവികസേനയുടെ ഏഴു ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.
* ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ ബുധനാഴ്ച രാവിലെ 8.30 വരെ പെയ്തത് കനത്ത മഴ
* താംബരത്ത് 49 സെന്റിമീറ്ററും ചെമ്പരമ്പാക്കത്ത് 47 സെന്റിമീറ്ററും മഴ പെയ്തു
* നൂറുവര്‍ഷത്തിനിടെ ചെന്നൈയില്‍ ഒറ്റദിവസം പെയ്ത ഏറ്റവും വലിയ മഴയാണിത്
* ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍ ജില്ലകളില്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ അവധി പ്രഖ്യാപിച്ചു
 
രാജാലി നേവല്‍ ബേസില്‍ താല്‍ക്കാലിക വിമാനത്താവളം
ചെന്നൈ വിമാനത്താവളം അടച്ചിട്ട  പശ്ചാത്തലത്തില്‍  ആരക്കോണത്തെ രാജാലി നേവല്‍ എയര്‍ സ്‌റ്റേഷന്‍ താല്‍ക്കാലിക വിമാനത്താവളമായി പ്രവര്‍ത്തനം തുടങ്ങി. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എയര്‍ ബസ് 320 ഇവിടെ പരീക്ഷണാര്‍ത്ഥം ഇറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ചെന്നൈ വിമാനത്താവളം ഒറ്റപ്പെട്ട നിലയിലാണ്. 700 യാത്രക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അഡയാര്‍ നദി കരകവിഞ്ഞൊഴുകുന്നതാണ് വിമാനത്താവളവും അങ്ങോട്ടുള്ള റോഡുകളും വെള്ളത്തിനടിയിലാകാന്‍ കാരണം.
 
നഗരത്തില്‍ പലയിടത്തും കുടിവെള്ളംപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മഴ തുടരുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ഫ്ലറ്റുകളിലുംമറ്റും മഴവെള്ളം ശേഖരിച്ച് തിളപ്പിച്ചാണ് ആളുകള്‍ കുടിക്കുന്നത്. ബസ്സുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതോടെ യാത്രക്കാരില്‍ ചിലര്‍ക്ക് രാത്രിമുഴുവന്‍ ബസ്സില്‍ കഴിയേണ്ടിവന്നു.
സാധാരണഗതിയില്‍ കാലവര്‍ഷം കനക്കുമ്പോള്‍ ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളാണ് വെള്ളത്തിനടിയിലാവുന്നതെങ്കില്‍ ഇക്കുറി നഗരം മൊത്തം വെള്ളത്തിലാണ്. പ്രധാനപ്പെട്ട ജലസംഭരണികളും തടാകങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞതിനാല്‍ വെള്ളമത്രയും ജനവാസസ്ഥലങ്ങളിലേക്കെത്തുന്നതാണ് പ്രളയത്തിനു കാരണം.
chennai
ചൈന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറിയ നിലയില്‍./twitter

രക്ഷാപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലൂടെയും
ചെന്നൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് സാമൂഹികമാധ്യമങ്ങള്‍. #chennairains എന്ന ഹാഷ് ടാഗില്‍ സഹായങ്ങളും അഭ്യര്‍ഥനകളും പ്രവഹിച്ചു. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമാണ് പ്രധാനമായും നഗരത്തിനെ പിന്തുണച്ച് കുറിപ്പുകള്‍ വന്നത്. ദേശീയമാധ്യമങ്ങളടക്കം ഈ ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്തവ ഷെയര്‍ ചെയ്തു.

വെള്ളം കയറി ഒറ്റപ്പെട്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിട്ടത് സുഹൃത്തുക്കളും അവരുടെ ചങ്ങാതിമാരും ഷെയര്‍ ചെയ്തു. ഫോണ്‍വഴി ബന്ധപ്പെടാന്‍ കഴിയുന്നവരെ സന്നദ്ധപ്രവര്‍ത്തകര്‍ വിളിച്ചു. വൈദ്യുതിബന്ധമില്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിശ്ചലമായത് വെല്ലുവിളിയായി. കൃത്യമായ വിലാസം കൊടുത്തവരെ സഹായിക്കാന്‍ ആളുകളെത്തി.

chennai floodവീട്ടിലോ ഫ്‌ലറ്റിലോ ആളുകളെ സ്വാഗതം ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിട്ടവരും കുറവല്ല. വളര്‍ത്തുമൃഗങ്ങളെയടക്കം സ്വീകരിക്കപ്പെടുമെന്നും പലരുമെഴുതി. ചില ബേക്കറികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആളുകളെ ക്ഷണിച്ചു. ചൂടുചായയും പലഹാരങ്ങളും സൗജന്യമായി നല്‍കുമെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. തിയേറ്ററുകളും സര്‍വകലാശാലകളും ജനങ്ങള്‍ക്ക് തങ്ങാനായി തുറന്നതും സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. തമിഴ് നടന്‍ സിദ്ധാര്‍ഥും ഇതിലൂടെ ആരാധകരെ അറിയിച്ചാണ് ഭക്ഷണവിതരണത്തിന് നേതൃത്വം നല്‍കിയത്. നിരവധി താരങ്ങളാണ് സഹായത്തിന് ആഹ്വാനം ചെയ്തത്.

chennairains.org എന്ന താത്കാലിക വെബ്‌സൈറ്റും ചിലര്‍ ചേര്‍ന്ന് തുടങ്ങി. ഡല്‍ഹിയില്‍ താമസമാക്കിയ സൗമ്യറാവു വിവരങ്ങള്‍ ചേര്‍ത്തൊരു ഗൂഗിള്‍ ഡോക് ഷീറ്റ് ആരംഭിച്ചു. ഇവയിലെല്ലാം ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ വിവരങ്ങള്‍ ചേര്‍ത്തു. ഭക്ഷണം നല്‍കുന്നവരുടെയും ഡോക്ടര്‍മാരുടെയും വിവരങ്ങളും താത്കാലിക താമസസ്ഥലങ്ങളുമാണ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചത്.
തീവണ്ടികൾ  റദ്ദാക്കി
ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള ഭൂരിഭാഗം തീവണ്ടികളും റദ്ദാക്കി. ചെന്നൈ-ആലപ്പുഴ എക്സ്‌പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെെന്നെ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ-കൊല്ലം എക്സ്പ്രസ്, ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്, തിരുവനന്തപുരം- ഗോരഖ്പുർ എക്സ്പ്രസ്, ബറൗണി-എറണാകുളം എക്സ്പ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്. 
പുറത്തിറങ്ങാതെ പത്രങ്ങൾ
നഗരത്തിൽനിന്നു പ്രസിദ്ധീകരിക്കുന്ന മിക്കവാറും പത്രങ്ങൾ ബുധനാഴ്ച പുറത്തിറങ്ങിയില്ല.  ചിലത്‌ പത്രങ്ങൾ അച്ചടിച്ചെങ്കിലും വിതരണം ചെയ്യാനായില്ല.    1878 മുതൽ ചെന്നൈയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഹിന്ദു പത്രവും ചരിത്രത്തിലാദ്യമായി ബുധനാഴ്ച ഇറങ്ങിയില്ല.
കൺട്രോൾറൂം തുറന്നു -മുഖ്യമന്ത്രി
തിരുവനന്തപുരം: തമിഴ്നാട്ടിൽ കുടുങ്ങിയ കേരളീയരുടെ വിവരങ്ങൾ അറിയാൻ പ്രത്യേക കൺട്രോൾ റൂം തുറന്നതായി മുഖ്യമന്ത്രി  നിയമസഭയെ അറിയിച്ചു.
നോർക്ക ഹെൽപ്പ്‌ലൈൻ ഡസ്ക്‌: 
18004253939 (ടോൾഫ്രീ), 0471 2770522.

പിന്നില്‍ ആഗോളതാപനം?
ന്യൂഡല്‍ഹി: 2013-ല്‍ ഉത്തരാഖണ്ഡ്, 2014-ല്‍ കശ്മീര്‍... ഇപ്പോഴിതാ ചെന്നൈയും. കൊടുംപ്രളയവും പേമാരിയും വീണ്ടും ദുരിതം വിതയ്ക്കുമ്പോള്‍ കാലാവസ്ഥാവ്യതിയാനമാണ് കാരണമെന്നാണ് വലിയ വിഭാഗം ഗവേഷകരും കരുതുന്നത്.

രാജ്യത്തെ കാലാവസ്ഥയിലുണ്ടായ വലിയ മാറ്റത്തിന് ആഗോളതാപനവുമായി ബന്ധമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് കലാവാസ്ഥാനിരീക്ഷണവിഭാഗം ഡയറക്ടര്‍ ജനറല്‍ എല്‍.കെ. റാത്തോഡ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. മഴപെയ്യുന്ന ദിനങ്ങള്‍ കുറയുകയാണ്. എന്നാല്‍, പെയ്യുന്നതാകട്ടെ കനത്ത മഴയും. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
chennai airport
 റണ്‍വേയില്‍ നിന്നും ഒഴുകിപ്പോയ സ്വകാര്യ വിമാനം
എന്നാല്‍, ചെന്നൈയിലെ പ്രളയത്തിന് കാലാവസ്ഥാവ്യതിയാനവുമായി ബന്ധമില്ലെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ഇത് പ്രകൃതിദുരന്തം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രിലില്‍ കൊടുംവരള്‍ച്ചയെത്തുടര്‍ന്ന് കനത്ത വിളനാശമുണ്ടായ അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. അന്ന് ചെന്നൈ തീരത്ത് രൂപംകൊണ്ട ഉഷ്ണവാതമാണ് വരള്‍ച്ചയ്ക്കിടയാക്കിയത്. ജൂലായ് മുതല്‍ സപ്തംബര്‍വരെ നീണ്ടുനില്‍ക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തമിഴ്‌നാട്ടില്‍ ദുര്‍ബലമായിരുന്നു.
 
phone numberസൈന്യത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍: 04427237107/ 04425394240/ 9840295100
നോര്‍ക്ക ഹെല്‍പ്പ്‌ലൈന്‍ ഡസ്‌ക്: 18004253939 (ടോള്‍ഫ്രീ), 0471 2770522.

സംസ്ഥാനത്ത് ആകെ ലഭിക്കേണ്ട മഴയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ പങ്ക് 48 ശതമാനമാണ്. എന്നാല്‍ ഇത്തവണ ലഭിച്ചത് 24 ശതമാനം മാത്രം. അതേസമയം ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണില്‍ ഇതേവരെ 70 ശതമാനം മഴ ലഭിച്ചു. സാധാരണ ലഭിക്കുന്നത് 34 ശതമാനം മാത്രമാണ്. കാലാവസ്ഥയിലുണ്ടായിരിക്കുന്ന വലിയ മാറ്റമായാണിത് വിലയിരുത്തപ്പെടുന്നത്.